താലൂക്ക് ദേവസ്വം

തൈക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
നായർ സർവീസ് സൊസൈറ്റി സുപ്രധാന ഇടപെടലുകൾ നടത്തുന്നത് ദേവസ്വം വിഷയങ്ങളിലാണ്. ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിനും ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തുന്നതിനും അതിലൂടെ ആർഷഭാരത സംസ്കാരം ലോക ജനസാമാന്യത്തിനുമുന്നിൽ ഉയർത്തിപ്പിടിക്കുന്നതിനും സൊസൈറ്റി എന്നും പ്രതിജ്ഞാബദ്ധമാണ്.
സർവീസ് സൊസൈറ്റി തെളിയിച്ച് തരുന്ന പാതയിലൂടെ മുന്നേറുന്ന തിരുവനന്തപുരം താലൂക്ക് കരയോഗ യൂണിയൻ, ദേവസ്വം വിഷയങ്ങൾക്ക് മതിയായ പ്രാധാന്യം നൽകി ഒരു ദേവസ്വം സബ് കമ്മിറ്റി തന്നെ രൂപീകരിച്ച് നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് സമാന്തരമായി, താലൂക്കിലെ നിത്യദാന ചെലവുകൾക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന ക്ഷേത്രങ്ങളെ ഏറ്റെടുക്കുന്നതിനുള്ള പരിശ്രമങ്ങളാണ് നടത്തിവരുന്നത്. നിലവിൽ തിരുവനന്തപുരത്തെ മൂന്ന് ക്ഷേത്രങ്ങളാണ് യൂണിയന്റെ കാരാഴ്മയിലുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള തലസ്ഥാന നഗരിയിലെ പുണ്യക്ഷേത്രമായ തൈക്കാട് ശ്രീധർമശാസ്താ ക്ഷേത്രം അതിൽ പ്രധാനപ്പെട്ടതാണ്.
നൂറ്റാണ്ടുകൾക്കു മുൻപ് ശ്രീപദ്മനാഭ ക്ഷേത്രത്തിൽ മുറജപം ആദ്യമായി ആരംഭിക്കുമ്പോൾ ചടങ്ങിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ പ്രദേശങ്ങളിൽ നിന്ന് അനേകം ബ്രാഹ്മണ കുടുംബങ്ങൾ തലസ്ഥാനത്തെത്തിയിരുന്നു. അക്കൂട്ടത്തിൽപ്പെട്ട, മുകുന്ത പുരത്തുനിന്നും എത്തിയ ‘ വലിയ തൈക്കാട് ‘ എന്നുകൂടി അറിയപ്പെടുന്ന ‘ പടുതോൾ മന ‘ യിലെ ബ്രാഹ്മണ ശ്രേഷ്ഠരാണ് തിരുവിതാംകൂർ രാജകുടുംബത്തിന്റെ സഹായത്തോടുകൂടി ക്ഷേത്രം നിർമിച്ച് ശ്രീധർമശാസ്താവിനെ പ്രതിഷ്ഠിച്ചത് എന്നാണ് ഐതിഹ്യം.
നീലത്താമര വലതുകൈയിലേന്തി ധന്വന്തരീഭാവത്തിൽ കുടികൊള്ളുന്ന ശ്രീധർമശാസ്താവിന്റെ ശിലാനിർമിതമായ മൂലവിഗ്രഹം അനുഗ്രഹം ചൊരിയുന്ന ദുരിത നിവാരണകാരനും രോഗശാന്തി പ്രദായകനുമായ അത്യപൂർവ ശക്തിവിശേഷങ്ങളുള്ള മൂർത്തിയാണെന്നാണ് വിശ്വാസം.
ശ്രീധർമശാസ്താവ് പ്രധാനദേവനായി കുടികൊള്ളുന്ന ക്ഷേത്രസമുച്ചയത്തിൽ ശ്രീമഹാഗണപതി, ശ്രീമഹാവിഷ്ണു, ശ്രീദുർഗാദേവി, ശ്രീസുബ്രഹ്മണ്യൻ, ശ്രീആഞ്ജനേയൻ, നാഗദൈവങ്ങൾ, നവഗ്രഹങ്ങൾ എന്നീ ഉപദേവതമാരും കുടികൊള്ളുന്നു. എല്ലാ ഉപദേവതമാർക്കും പ്രിയങ്കരങ്ങളായ വഴിപാടുകളൊക്കെ നിത്യേനെ നടത്തിവരുന്നതുൾപ്പെടെ ശബരിമല സന്നിധാനത്തെ എല്ലാചടങ്ങുകളും വിധിപ്രകാരം നടത്തുന്ന ദേവസ്ഥാനമാണ് ഈ മഹാക്ഷേത്രം.
പടുതോൾ മനയിലെ ബ്രാഹ്മണ ശ്രേഷ്ഠർക്ക് ക്ഷേത്രത്തിന്റെ നിത്യദാന ചെലവുകൾ താങ്ങുവാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ മനയിലെ ജാതവേദൻ നമ്പൂതിരിപ്പാടിന്റെ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട് തിരുവനന്തപുരം എൻ എസ് എസ് കരയോഗ യൂണിയന് നിയമപരമായിത്തന്നെ കൈമാറുകയായിരുന്നു. ക്ഷേത്രകാര്യങ്ങൾ ചിട്ടയോടെ നടത്താനുള്ള കരയോഗ യൂണിയൻറെ കഴിവിലുള്ള ആത്മവിശ്വാസമായിരുന്നു അതിനു കാരണമായത്.
ക്ഷേത്രത്തിന്റെയും മറ്റു സ്ഥാവര ജംഗമ വകകളുടെയും ഉടമസ്ഥാവകാശം യൂണിയന് ലഭിക്കുമ്പോൾ ക്ഷേത്രത്തിന്റെ സാമ്പത്തികനില ശോചനീയമായിരുന്നു. തുടർന്ന് താന്ത്രികവിധി പ്രകാരമുള്ള വികസനപ്രവർത്തനങ്ങൾക്ക് യൂണിയൻ പദ്ധതി തയ്യാറാക്കുകയും ദേവചൈതന്യം പ്രോജ്ജ്വലിപ്പിച്ച് നാടിനും ഭക്തജനങ്ങൾക്കും ഐശ്വര്യം പ്രദാനം ചെയ്യുന്നതിനുള്ള അർപ്പണബോധത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഈശ്വര ചൈതന്യം വർധിപ്പിക്കുന്നതിന് ക്ഷേത്രത്തിനു മുൻവശത്ത് വാസ്തുശാസ്ത്രപ്രകാരം ആനക്കൊട്ടിൽ, പ്രദക്ഷിണവഴികൾ തുടങ്ങി ഒട്ടേറെ വികസനപ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കി. അതോടൊപ്പം ക്ഷേത്രത്തിനു മുൻവശത്ത് ക്ഷേത്രത്തോട് ചേർന്നുള്ള ഭൂമി സ്വന്തമാക്കി അവിടെ ഒരു കോടി രൂപയോളം ചിലവഴിച്ച് മൂന്നു നിലകളിലായി ഊട്ടുപുര സമുച്ചയവും നിർമിച്ചു. ” അന്നദാനം മഹാദാനം” എന്ന പ്രമാണത്തെ മുഖ്യമാക്കിഒരു മഹായജ്ഞം ആരംഭിച്ചു. അപ്രകാരം നിത്യേന അന്നദാനം നൽകുന്ന തിരുവനന്തപുരത്തെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നായി തൈക്കാട് ശ്രീധർമശാസ്താക്ഷേത്രത്തെ ഉയർത്തുവാനും കഴിഞ്ഞു. ധാരാളം ഭക്തജനങ്ങൾ അന്നദാനത്തിനായി സംഭാവനകൾ നൽകിവരുന്നു.
നിത്യശീവേലി ഉൾപ്പെടെ ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും വഴിപാടുകളും മുടങ്ങാതെ ഈ മഹാക്ഷേത്രത്തിൽ നടന്നുവരുന്നു. കൂടാതെ എല്ലാ മാസവും പ്രദോഷം, ഷഷ്ഠി, ആയില്യം തുടങ്ങിയ വിശേഷദിവസങ്ങളും മംഗളകരമായി ആചരിച്ചു വരുന്നു. എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിൽ വൈകുന്നേരം ക്ഷേത്രം മേൽശാന്തിയുടെ കാർമികത്വത്തിൽ നൂറുകണക്കിന് ഭക്തർ നേരിട്ട് പങ്കെടുക്കുന്ന ശനീശ്വരപൂജ അതിവിശിഷ്ടമാണ്.
ക്ഷേത്രത്തിൽ കുടികൊള്ളുന്ന നവഗ്രഹ പ്രതിഷ്ഠയും പൂജാവിധികളും ആരാധനാക്രമവും അനേകം ഭക്തജനങ്ങൾക്ക് സായൂജ്യം നൽകുന്നു. അനുഗ്രഹകലകൾ നിറഞ്ഞ നവഗ്രഹപ്രതിഷ്ഠയുള്ള തിരുവനന്തപുരത്തെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്.
ശ്രീധർമശാസ്താവിന് ഏറ്റവും പ്രധാനമായ ദിനമാണ് ശനിയാഴ്ച എന്നതിനാൽ അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് ആ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. ആയിരക്കണക്കിന് നീരാഞ്ജനവും ശനീശ്വരപൂജയും നവഗ്രഹവിളക്കുകളും അർച്ചനകളുമാണ് അന്നേദിവസം ഭക്തർ ഭഗവാന് സമർപ്പിക്കുന്നത്. എള്ള് പായസം, പാൽപ്പായസം, അരവണ തുടങ്ങിയ നിവേദ്യങ്ങൾ ഭഗവാന് പ്രിയങ്കരമാണ്.
പൂജാദികാര്യങ്ങളിൽ ഭഗവാന് തങ്കഅങ്കി ചാർത്തിയുള്ള പ്രത്യേക പൂജ അതിമഹത്തരമായ വഴിപാടാണ്. വിദൂരസ്ഥലങ്ങളിൽ നിന്നുള്ള അനേകം ഭക്തജനങ്ങൾ ഫോൺ വഴിയും വഴിപാടുകൾ ബുക്ക് ചെയ്യുന്നുണ്ട്.
ശബരിമല മണ്ഡലകാലത്ത് 41 ദിവസവും വിശേഷാൽ ചിറപ്പും ക്ഷേത്രകലകളും ഭക്തരുടെ വകയായി നടത്തിവരുന്നു. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും വൈകുന്നേരം ലഘുഭക്ഷണ വിതരണവും നടന്നുവരുന്നു.
മണ്ഡലകാലത്തും മകരവിളക്ക് ഉത്സവദിനങ്ങളിലും മാത്രമല്ല എല്ലാ മലയാള മാസത്തിനോടനുബന്ധിച്ചും മറ്റു ശബരിമല വിശേഷ ദിനങ്ങളിലും അനേകം ശബരിമല തീർത്ഥാടകർ കെട്ട് നിറച്ച് മല കയറുന്നതിനായി ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്. ഭക്തർക്കായി കെട്ടുനിറയ്ക്കുള്ള സാധനങ്ങൾ ഉൾപ്പെടെ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടാകും. മാത്രമല്ല കെട്ടുനിറയ്ക്കാനായി ആചാര്യന്മാരെയും നിയോഗിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ വാർഷികോത്സവം എല്ലാവർഷവും മകരവിളക്ക് ദിനത്തിൽ അവസാനിക്കുന്ന തരത്തിൽ 6 ദിവസങ്ങളിലായാണ് നടക്കുന്നത്. ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട് വേട്ടപ്പുറപ്പാട് , ആറാട്ടുഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും. ഉത്സവദിനങ്ങളിൽ രാത്രിയിൽ സ്ത്രീകൾ പങ്കെടുക്കുന്ന വാദ്യമേളങ്ങളോട് കൂടിയ വിളക്കാചാരം നമ്മുടെ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. കൂടാതെ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തുപോരുന്ന ഉത്സവനാളുകളിലെ അന്നദാനം പ്രത്യേക വഴിപാടായി നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് അതിനുള്ള അവസരവും നൽകുന്നുണ്ട്.
ക്ഷേത്രവും പരിസരവും ഊട്ടുപുരയും പൂർണമായും കാമറകളുടെ നിരീക്ഷണവലയത്തിലാണ്. പൂർണമായും കമ്പ്യൂട്ടർവൽക്കരിച്ച രസീത് കൗണ്ടറുകളുകളാണ് ക്ഷേത്രത്തിലുള്ളത്.
ഭഗവാന്റെ കൊടിമരം വിധിപ്രകാരം സ്വർണം പൂശുവാനുള്ള പരിശ്രമങ്ങൾ താലൂക്ക് യൂണിയൻ ഭരണസമിതി ആരംഭിച്ചിട്ടുണ്ട്. 6 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തിക്ക് ഭക്തജനങ്ങൾ നിർലോഭമായി സംഭാവനകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
ഭഗവദ് ചൈതന്യം നിറഞ്ഞുനിൽക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീധർമശാസ്താവിന്റെ അനുഗ്രഹം നേടാവുന്നതാണ്.
തൈക്കാട് ശ്രീ ധർമ്മ ശാസ്താ ഊട്ടുപുര

ഒരു മഹാക്ഷേത്രത്തിന്റെ പരിപൂർണ്ണതയിൽ എത്തി നിൽക്കുന്ന തൈക്കാട് ശ്രീ ധർമ്മ ശാസ്ത്ര ക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനം നല്കുന്നതിനായി നിർമ്മിച്ചതാണ് ധർമ്മശാസ്ത്ര ഊട്ടുപുര. ദിവസവും 300 ഓളം പേർക്ക് അന്നദാനം നൽകി വരുന്നു. കൂടാതെ, വൃശ്ചികം മുതൽ മകരം 1 വരെയുള്ള 60 ദിവസവും ഉച്ചയ്ക്കും വൈകുന്നേരവും അന്നദാനം നൽകുന്നതാണ്. ഉത്സവ ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന അന്നദാനത്തിൽ 10000ത്തോളം ഭക്തജനങ്ങൾ പങ്കെടുക്കുന്നു.
തേവാരത്ത് കോയിക്കൽ ശ്രീ മഹാവിഷ്ണു നാഗരാജ ക്ഷേത്രം

താലൂക് യൂണിയന്റെ കാരാഴ്മയിൽ യൂണിയൻ മന്ദിരത്തോട് ചേർന്ന് അതിപുരാതനമായ, രാജഭരണകാലത്ത് രാജാവ് പൂജിച്ചിരുന്ന, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തോട് അടുത്ത ബന്ധമുള്ള, ക്ഷേത്രങ്ങളിൽ ഒന്നാണിത്. തിരുവനന്തപുരത്ത് തന്നെ ഉദ്ദേശം 10 അടിയോളം പൊക്കത്തിൽ അഞ്ച് തലയോടെയുള്ള നാഗർ പ്രതിഷ്ഠയുള്ള, വാസുകീ സങ്കൽപ്പത്തിലുള്ള, അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ശ്രീ മഹാവിഷ്ണുവിനും ശ്രീ നാഗരാജാവിനും സർവ പ്രാധാന്യത്തോടെ പൂജയുണ്ട്. ഉപദേവതമാരായി ഗണപതി, ഭൂതത്താൻ, ബ്രഹ്മരക്ഷസ്സ്, കൂടാതെ വിവിധ രൂപത്തിലും ഭാവത്തിലും ഉള്ള നിരവധി നാഗവിഗ്രഹങ്ങളും ആരാധനയ്ക്കുണ്ട്. വിഷു മഹോത്സവം, പ്രതിഷ്ഠാവാർഷികം, മാസം തോറും ആയില്യത്തിന് പ്രത്യേക ആയില്യ പൂജ, നാഗരാജാവിന് വെള്ളി അങ്കി ചാർത്തി ഉള്ള പൂജ, നാഗപഞ്ചമി എന്നിവ ഭക്ത്യാദരപൂർവ്വം കൊണ്ടാടി വരുന്നു.
ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രം, കുന്നപ്പുഴ
തലസ്ഥാന നഗരിയിൽ കുന്നപ്പുഴ എന്ന ദേശത്ത് പുണ്യ പുരാതനമായ ശ്രീ കണ്ഠൻ ശാസ്താ ക്ഷേത്രം നിലവിൽ തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കാരാഴ്മയിലാണ്. ക്ഷേത്ര സമുച്ചയവും ആസ്തി ബാദ്ധ്യതയും പൂർണമായും തിരുവനന്തപുരം താലൂക്ക് യൂണിയന്റെ ഉടമസ്ഥയിലാണുള്ളത്.
ശ്രീ പദ്മനാഭ സ്വാമിക്കഭിമുഖമായി പടിഞ്ഞാറ് ദർശനത്തിൽ കുടികൊള്ളുന്ന ഈ മഹാക്ഷേത്രത്തിൽ നിത്യേന അനേകം ഭക്ത ജനങ്ങൾ ഭഗവദ് ദർശനത്തിനായി എത്തി ചേരുന്നുണ്ട്. പ്രധാന ദേവനായ ശ്രീ കണ്ഠൻ ശാസ്താവിനെ കൂടാതെ ശ്രീ മഹാഗണപതി, ശ്രീ ദുർഗാ ഭഗവതി, ശ്രീ മഹാദേവൻ, നാഗ ദൈവങ്ങൾ, മാടൻ തമ്പുരാൻ, യക്ഷിയമ്മ എന്നിവരും ഉപദേവതമാരായി കുടികൊള്ളുന്നു.
പടിഞ്ഞാറു ദർശനത്തിലുള്ള അത്യപൂർവമായ മഹാക്ഷേത്രമാണ് കുന്നപ്പുഴ ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രം. എല്ലാ വർഷവും വൃശ്ചിക മാസം ഒന്നാം തിയതി മുതൽ നാല്പത്തൊന്നു ചിറപ്പ് വരെയുള്ള ദിനങ്ങൾ വിശേഷ പൂജാ വിധികളോടെ ആചരിക്കുന്നു. മണ്ഡല ചിറപ്പ് ദിവസം ഉൾപ്പടെയുള്ള അവസാന മൂന്നു ദിവസങ്ങൾ ഉത്സവദിനങ്ങളായാണ് കൊണ്ടാടുന്നത്. ആഘോഷദിനങ്ങളായ മണ്ഡല കാലത്ത് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ക്ഷേത്ര കലകളുമായി ബന്ധപ്പെട്ട പരിപാടികൾ വ്യക്തികളും സ്ഥാപനങ്ങളും വഴിപാടായി നടത്തി വരുന്നു. കൂടാതെ മേൽപ്പടി ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങൾക്ക് പ്രസാദമൂട്ടും നടത്തി വരുന്നു. ഭക്ത ജനങ്ങൾ പ്രസാദമൂട്ട് വഴിപാടായി നടത്താറുണ്ട്.
ഈ ക്ഷേത്ര സമുച്ചയത്തിന്റെയും സ്ഥാവര ജംഗമ സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം തിരുവനന്തപുരം താലൂക്ക് യൂണിയന് ലഭിച്ച ശേഷം വാസ്തുശാസ്ത്ര പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപാ ചിലവഴിച്ച് ആരംഭം കുറിച്ചിട്ടുണ്ട്. നാലമ്പല നിർമാണത്തിന്റെ പൂർത്തീകരണം മഹാദേവ ക്ഷേത്രത്തിന്റെ പുനർനിർമ്മാണം എന്നിവയ്ക്ക് തന്നെ ഏകദേശം ഒരു കോടിയോളം രൂപയുടെ പ്രവർത്തനങ്ങൾക്കാണ് ആരംഭം കുറിച്ചിട്ടുള്ളത്. ദേവ ചൈതന്യം വർധിപ്പിക്കാനുള്ള കൂട്ടായ വികസന പ്രവർത്തനങ്ങൾ ദേശത്തിനും ദേശവാസികൾക്കും അനുഗ്രഹ സിദ്ധിക്കുള്ള പുണ്യ കർമ്മമാണ് എന്നതാണ് വിശ്വാസം.
ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു തിരുവനന്തപുരം താലൂക്ക് യൂണിയൻ നടത്തിയ നാമജപ യാത്രകൾ



