top of page

ക്ഷേമപ്രവർത്തനങ്ങൾ 

ചികിത്സാ ധനസഹായം

സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരും മാരകരോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിത ചെലവുകൾക്ക് കഷ്ടപ്പെടുന്നവരുമായ കരയോഗാംഗങ്ങൾക്ക് എല്ലാ മാസങ്ങളിലും കൂടുന്ന കമ്മിറ്റികളിൽ വച്ച് രൂപ 3000 മുതൽ രൂപ 10000 വരെ അനുവദിച്ച് നൽകുന്ന പദ്ധതിയാണിത്. സമുദായാംഗങ്ങൾ കരയോഗം വഴി നൽകുന്ന ശുപാർശ മേഖല കൺവീനർമാർ പരിശോധിച്ച് റിപ്പോർട്ട് നൽകിയാലുടൻ യൂണിയൻ കമ്മിറ്റി പാസ്സാക്കി യൂണിയൻ കൺവീനറും കരയോഗം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ വീട്ടിൽ എത്തിച്ച് വരുന്നു.


അതിജീവനം 

നമ്മുടെ സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി ആളുകൾ പ്രമേഹം, ക്യാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് അടിമപ്പെട്ട് ജീവിതാവസാനം വരെ മരുന്നിനും ചികിത്സയ്ക്കും പണം കണ്ടെത്താൻ കഷ്ടപ്പെടുന്നു എന്നത് യൂണിയൻ വളരെ ഗൗരവമായി കണ്ടുകൊണ്ടാണ് രൂപം നൽകിയ പദ്ധതിയാണ്. താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ അംഗങ്ങൾക്കും കരയോഗത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ വർഷം തോറും ക്യാൻസർ, ഹൃദയസംബന്ധമായ രോഗം എന്നീ അസുഖങ്ങൾക്ക് പരമാവധി 7000 രൂപയും മറ്റ് അസുഖങ്ങൾക്ക് 5000 രൂപയും നൽകുന്നു.

  • ഗുണഭോക്താക്കൾ 50 വയസ്സ് തികയാത്തവരായിരിക്കണം

  • സാമ്പത്തിക ശേഷിയുള്ള സന്താനങ്ങളില്ലാത്തവരായിരിക്കണം

  • 6 മാസത്തിൽ ഒരിക്കൽ ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം.

  • ഓരോ സാമ്പത്തിക വർഷവും മരുന്ന് വാങ്ങുന്ന ബില്ലോ, കോപ്പിയോ സമർപ്പിക്കണം
     

പ്രത്യേക വിദ്യാഭ്യാസ ധന സഹായം 

സാമ്പത്തിക പരാധീനതയും പഠിക്കാൻ മിടുക്കരുമായ വിദ്യാർത്ഥികളെ കരയോഗം കണ്ടെത്തി ശുപാർശ ചെയ്യുന്നതനുസരിച്ച് വർഷം തോറും ശുപാർശ ചെയ്യുന്ന മുഴുവൻ കരയോഗത്തിലെയും പ്രൈമറി മുതൽ ഡിഗ്രി തലം വരെ പഠിക്കുന്ന ഒരു കുട്ടിക്ക് വിഭാഗമനുസരിച്ച് 1000 മുതൽ 3000 വരെ നൽകി വരുന്ന പദ്ധതിയാണിത്.

ഉന്നത വിദ്യാഭ്യാസ ധനസഹായം

7.jpg

സമുദായത്തിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് ആകുന്നതിന് വിദ്യാഭ്യാസത്തിലൂടെ സമുദായം മുന്നോട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം തടസ്സപ്പെടാൻ പാടില്ല എന്നതാണ് യൂണിയന്റെ ഉറച്ച നിലപാട്. ഉന്നത വിദ്യാഭ്യാസത്തിന് അഡ്മിഷൻ ലഭിക്കുന്ന (MBBS, Engineering,CA, Nursing etc) ഒരു കരയോഗത്തിലെ ഒരു കുട്ടിക്ക് കരയോഗം ശുപാർശയുടെ അടിസ്ഥാനത്തിൽ യൂണിയന്റെ കീഴിലുള്ള മുഴുവൻ കരയോഗത്തിൽ വിദ്യാർത്ഥികൾക്കും വർഷം തോറും 7000 രൂപ വച്ച് നൽകി വരുന്ന പദ്ധതിയാണ്. നിലവിൽ MBBSന് അഡ്മിഷൻ ലഭിച്ച് പഠിച്ച് വരുന്ന 5 പേരെയും BDSന് പഠിക്കുന്ന 2 കുട്ടികളെയും ദത്തെടുത്ത് പഠിപ്പിക്കുന്നു.

 

വാർദ്ധക്യകാല പെൻഷൻ പദ്ധതി 

ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുമാനമുള്ള 65 വയസ്സിന് മേൽ പ്രായമുള്ളവരായ ഒരംഗത്തിന് യൂണിയൻ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാൽ പ്രതിമാസം മണിയോർഡർ മുഖേന കൃത്യമായി കരയോഗം ശുപാർശയുടെ അടിസ്ഥാനത്തിൽ നൽകിവരുന്ന പദ്ധതിയാണിത്.

 

സ്വയം തൊഴിൽ- ഒരു സാക്ഷാത്കാരം 

നമ്മുടെ സമുദായാംഗങ്ങളിൽ തൊഴിൽ രഹിതരായ യുവതീയുവാക്കൾക്ക് വിവിധങ്ങളായ സ്വയം തൊഴിൽ കണ്ടെത്തി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായി വേണ്ടി വരുന്ന മൂലധനം വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് യൂണിയൻ ലഭ്യമാക്കി നൽകുന്നതും അതിന് ആവശ്യമായ മാർജിൻ മണി യൂണിയൻ ധനസഹായമായി നൽകിവരുന്ന പദ്ധതിയാണിത്.

 

പ്രത്യേക സുമംഗലീ പദ്ധതി 

22.jpg
16.jpg
8.jpg
9-1.jpg
1.jpg
38.jpg
17.jpg

വിവാഹ ധൂർത്ത് ഒഴിവാക്കണമെന്ന നായർ സർവീസ് സൊസൈറ്റിയുടെ ആഹ്വാനത്തിന് മുന്തിയ പരിഗണന നൽകികൊണ്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതി യുവാക്കളെ കരയോഗങ്ങൾ വഴി തിരഞ്ഞെടുത്ത്  കരയോഗങ്ങളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വിവാഹം നടത്തികൊടുക്കുന്ന പദ്ധതിയാണിത്.

നമ്മുടെ സമുദായാംഗങ്ങളിൽ   സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഏറ്റവും വലിയ പ്രശ്നമായി നിലനിൽക്കുന്നത് പെൺകുട്ടികളുടെ വിവാഹമാണെന്ന തിരിച്ചറിവാണ് യൂണിയനെ ഇത് പോലുള്ള ഒരു പദ്ധതി ആവിഷ്കരിക്കാൻ പ്രേരിപ്പിച്ചത്. NSS ശതാബ്ദി വർഷാചരണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി ആരംഭിച്ചത്.

ഇത് പ്രകാരം 5 പവന്റെ ആഭരണം, വധൂ വരൻമാർക്കുള്ള വിവാഹ വസ്ത്രങ്ങൾ, 300-ഓളം ബന്ധുമിത്രാതികൾക്കുള്ള വിവാഹ സദ്യ, ഫോട്ടോ, ഹാരം, ഉൾപ്പെടെയുള്ള മുഴുവൻ വിവാഹചിലവുകളും  യൂണിയൻ വഹിച്ച് വരുന്നു.  18 ഓളം വിവാഹം യൂണിയൻ നടത്തിക്കഴിഞ്ഞു. ഈ വർഷം 10ഓളം അപേക്ഷകൾ യൂണിയന് ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും അംഗങ്ങളുടെ ഭാഗത്ത് നിന്നും യൂണിയൻ വിചാരിച്ച അത്ര പ്രചാരണം ലഭിക്കുന്നില്ല എന്ന് യൂണിയന് ആലോചനയുണ്ട്.
 

ഓണക്കിറ്റ് വിതരണം

13.jpg

ഒരു കരയോഗത്തിൽ 5 അംഗങ്ങൾക്ക് വച്ച് യൂണിയൻ കീഴിലുള്ള മുഴുവൻ കരയോഗത്തിൽ അംഗങ്ങൾക്കും കരയോഗം ശുപാർശയുടെ അടിസ്ഥാനത്തിൽ ഓണത്തിന് 14 ഓളം വിഭവങ്ങളോടു കൂടി കിറ്റായി നൽകിവരുന്ന പദ്ധതിയാണിത്.
 

പ്രത്യേക ഭവന ദാന പദ്ധതി 

11.jpg

താലൂക്കിലെ നായർ കുടുംബങ്ങളിൽ ഏറെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിതരായ നിരവധി ആളുകൾ ഉണ്ടെന്ന കണ്ടെത്തലിൽ, സ്വന്തമായി വീടില്ലാത്ത 3 സെന്റ് ഭൂമിയെങ്കിലും സ്വന്തമായിട്ടുള്ളവർക്ക് ഭവന നിർമ്മാണ ധനസഹായമായി 2 ലക്ഷം രൂപ നൽകുന്ന ഒരു ബൃഹത് പദ്ധതിയാണിത്. താലൂക്കിലെ എല്ലാ നായർ കുടുംബങ്ങൾക്കും ഭവനം എന്ന യൂണിയന്റെ കാഴ്ചപ്പാട് പ്രവർത്തി പഥത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തിന് പ്രാധാന്യം നൽകി ആവിഷ്കരിച്ച പ്രത്യേക പദ്ധതിയാണിത്.
 

കരയോഗ മന്ദിര നിർമ്മാണ ധനസഹായം

സ്വന്തമായി കരയോഗ മന്ദിരമില്ലാത്ത കരയോഗങ്ങൾ സ്വന്തമായി കരയോഗങ്ങൾ നിർമ്മിച്ച് പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിക്കുമ്പോൾ യൂണിയനിൽ നിന്നും ധന സഹായം നൽകി വരുന്ന പദ്ധതിയാണ്.
 

മന്നം ബാലകലോത്സവം

14.jpg
24.jpg

തിരുവനന്തപുരം താലൂക്കിലെ നായർ സമുദായ കുടുംബങ്ങളെ ഒരേ വേദിയിലേക്ക് ആകർഷിച്ച് പരസ്പര സൗഹാർദം ഊട്ടിയുറപ്പിച്ച് ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ യൂണിയൻ പ്രത്യേകം ശ്രദ്ധ ചെലുത്തി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.

മന്നം ബാലസമാജംഗങ്ങളുടെ കലാകായിക രംഗത്തെ അഭിരുചി വർധിപ്പിക്കുവാൻ വർഷം തോറും കുട്ടികളുടെ പ്രായപരിധി അനുസരിച്ച് 4 ദിവസങ്ങളായി തിരിച്ച് കായിക മത്സരങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകവും കലാമത്സരങ്ങൾ പൊതുവായും നടത്തി വരുന്നു. ഇതിലൂടെ നായർ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ചെറുപ്പം മുതൽ തന്നെ കുട്ടികളിൽ ഊട്ടിഉറപ്പിച്ച് ഒരു തികഞ്ഞ സമുദായ പ്രവർത്തകനോ പ്രവർത്തകയോ ആകാൻ കുഞ്ഞുങ്ങളെ വാർത്തെടുക്കുവാൻ സാധിക്കുമെന്ന് യൂണിയൻ ഉറച്ച് വിശ്വസിക്കുന്നു.
 

അംഗങ്ങളുടെ കുട്ടികൾക്ക് നൽകി വരുന്ന അഡ്മിഷനും, ജോലി സാധ്യതകളും  

കരയോഗങ്ങളുടെ ശുപാർശ അനുസരിച്ച് കരയോഗങ്ങളുടെ മക്കൾക്ക് സൊസൈറ്റിയുടെ കീഴിലുള്ള കോളേജുകളിലും സ്കൂളുകളിലും +1 തലം  മുതൽ പി ജി തലം  വരെ ഏകദേശം 250 ഓളം സീറ്റുകളിൽ എല്ലാ വർഷവും അഡ്മിഷൻ നൽകി വരുന്നു.  ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അഡ്മിഷനുകളെല്ലാം തന്നെ നൽകി വരുന്നത്.

എല്ലാ കരയോഗങ്ങൾക്കും പ്രാതിനിധ്യം ലഭിക്കുവാൻ യൂണിയൻ പരമാവധി ശ്രമിച്ചു വരുന്നുമുണ്ട്. കൂടാതെ, ഇവിടെ അഡ്മിഷൻ ലഭിക്കാതെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്ക് ഫീസുൾപ്പെടെയുള്ള സാമ്പത്തിക സഹായവും അനുവദിച്ചു വരുന്നുണ്ട്. കൂടാതെ, നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ഉദ്യോഗം ലഭിക്കുന്നതിന് അർഹമായ അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് യൂണിയൻ ശുപാർശയുടെ അടിസ്ഥാനത്തിൽ അർഹരായ നിരവധി അപേക്ഷകർക്ക് ജോലി വാങ്ങി നൽകുവാൻ യൂണിയന് കഴിഞ്ഞിട്ടുണ്ട്.
 

ദാമ്പത്യത്തിന്റെ സുവർണ്ണ ജൂബിലിയിൽ  തിളങ്ങി 400  ദമ്പതികൾ

6.jpg

ഒരാൾ മറ്റൊരാൾക്ക് താങ്ങും തണലുമാകുമെന്ന് ഉടമ്പടിയാണ് വിവാഹം. ആ  ദാമ്പത്യയാത്ര എത്ര മനോഹരമായി ജീവിക്കാൻ കഴിയുന്നോ അവരാണ് ഏറ്റവും ഭാഗ്യവാന്മാർ. പരസ്പരം പ്രണയിച്ചും കലഹിച്ചും ചേർത്തുനിർത്തിയും മുന്നോട്ടുപോകുന്ന ഒരു  സുന്ദരമായ അനുഭവമാണ് ദാമ്പത്യം. അത്തരത്തിൽ ദാമ്പത്യത്തിന്റെ മധുരവും കയ്പ്പും നുകർന്ന 50 സുവർണ്ണ വർഷങ്ങൾ പിന്നിട്ട 400 ദമ്പതികളെ ഈ അടുത്തിടെ തിരുവനതപുരം താലൂക്ക്  എൻഎസ്എസ്  കരയോഗം യൂണിയൻ സംഘടിപ്പിച്ച  പ്രത്യേക ചടങ്ങിൽ ആദരിക്കുകയുണ്ടായി.

50 സുവർണ്ണ വർഷങ്ങൾ പിന്നിട്ട പ്രശസ്തരും അപ്രശസ്തരുമായ 400 ദമ്പതിമാരിൽ പലരും തങ്ങളുടെ ദാമ്പത്യ വിജയത്തെ കുറിച്ച് ചടങ്ങിൽ വച്ച് മനസ് തുറന്നു. 52 വർഷത്തെ ദാമ്പത്യ ജീവിതം പിന്നിട്ട മുൻ ചീഫ് സെക്രട്ടറി ശ്രീ ആർ. രാമചന്ദ്രൻ  നായർ തന്റെ  ദാമ്പത്യ വിജയത്തിന്റെ രഹസ്യം  ഭാര്യ ലക്ഷമി ആർ  നായരാണെന്നും, കാലങ്ങൾ  കടന്നു പോയെങ്കിലും തമ്മിലുള്ള പ്രണയത്തിന് മാത്രം ഇതുവരെ കുറവുവന്നിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ  ജീവിത പ്രതിസന്ധിയിൽ തളരാതെ ചെറുത് നിർത്തിയ ഭർത്താവിന്റെ സ്വഭാവമാണ് ശ്രീമതി ലക്ഷ്‍മിയെ കൂടുതൽ  ആകർഷിച്ചത്. ഇങ്ങനെ ഇണകളുടെ സ്വഭാവ സവിശേഷതകളും മറ്റും പങ്കുവച്ചു  കൊണ്ട്  ദമ്പതിമാരെ ആദരിക്കൽ ചടങ്ങ്  പുതിയ  ഒരു  അനുഭവമായി മാറി.

എട്ട് വർഷം പ്രണയിച്ച് നടന്ന് വിവാഹം കഴിച്ചിട്ട് എട്ട് മാസത്തിനകം പിരിയുന്നവർക്ക് ഇവരുടെ ജീവിതം മാതൃകയാവണമെന്ന് പരിപാടി ഉത്‌ഘാടനം ചെയ്ത മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീമതി ജെ. ലളിതാംബിക പറഞ്ഞു.

ചടങ്ങിൽ ദമ്പതികൾക്ക് പൊന്നാടയും ഫലകവും നൽകി ആദരിച്ചു. യൂണിയൻ പ്രസിഡന്റ് ശ്രീ എം. സംഗീത്  കുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്രീ എം. വിനോദ് കുമാർ, സെക്രട്ടറി ശ്രീ ടി.എസ് നാരായണൻ കുട്ടി, ശ്രീമതി എം ഈശ്വരി അമ്മ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

© 2020 by NSS Taluk Union Trivandrum

bottom of page